മക്കൾ:മുബാറക് ഇമ്പാർക്ക്,ജമാൽ ഇമ്പാർക്ക്, ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ, ഹസീന.മരുമക്കൾ:മുഹമ്മദ് ഇഖ്‌ബാല്‍ (വൈറ്റ് കോളർ), മൊയ്‌നുദ്ധീൻ (ഖത്തർ),ജസീറ,സബീന.
------------
സ്‌നേഹ നിധിയായ താത്ത ഓര്‍മ്മകളുടെ സുഗന്ധം ബാക്കിയാക്കി പറന്നു പോയിരിക്കുന്നു.ഒരു ദേശത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ ചൂടും ചൂരും നിറഞ്ഞ തറവാടിന്റെ പ്രതാപകാലം ജ്വലിച്ചു നിന്ന കാലത്തും ശേഷം തന്റെ നല്ലപാതിയുടെ ഇടം വലങ്ങളില്‍ കര്‍മ്മ നൈരന്തര്യങ്ങള്‍ക്കെല്ലാം സാക്ഷിയായപ്പോഴും പ്രസന്നവദയായി പ്രശോഭിച്ചിരുന്ന നെയ്‌തിരി അണഞ്ഞു പോയിരിക്കുന്നു.
കൃത്രിമങ്ങളുടെ അതിരുകളില്ലാത്ത വീട്ടുവരാന്തയിലെത്തുന്നവര്‍ക്ക് സുപരിചിതമായ സ്‌നേഹാഭിവാദ്യങ്ങള്‍ നിലച്ചു പോയിരിക്കുന്നു.അതിഥികളായത്തുന്നവരുടെ മുഖങ്ങളില്‍ വെണ്ണിലാവുദിപ്പിക്കുന്ന തൂവെളിച്ചം അസ്‌തമിച്ചിരിക്കുന്നു.തന്നെ സന്ദര്‍ശിക്കുന്ന ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്‌തിരുന്ന വിനീതയായ മഹതി ദൈവ വിളിക്കുത്തരം നല്‍കി യാത്രയായിരിക്കുന്നു.ഇടത്താവളത്തിലൊരുക്കിയ കൂട്ടില്‍ അവര്‍ പൊഴിച്ചിട്ട ഓര്‍മ്മകളുടെ പൊന്‍ തൂവലുകളില്‍ തൊട്ടു തലോടി ഓര്‍മ്മകളെ ജീവിപ്പിക്കാം.മനസ്സ് തൊട്ട് പ്രാര്‍ഥിക്കാം.
വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയില്‍ എല്ലാ ആത്മാവും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.ആത്മാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ മനുഷ്യന്റെ വിഭാവനകളില്‍ ഒതുങ്ങാത്തതാണ്.ആത്മാവിനെ കുറിച്ച ജ്ഞാനം അല്‍പമല്ലാതെ മനുഷ്യന് നല്‍കപ്പെട്ടിട്ടില്ല എന്നും വിശുദ്ധ വചനങ്ങളില്‍ നിന്നും വായിക്കാനാകും. കൊളുത്തി വെച്ച തിരി അണഞ്ഞു പോകുന്ന മാതിരി.ഒരു പ്രകാശ കിരണം കെട്ടു പോകുന്ന പോലെ.
അല്ലാഹുവിന്റെ മാലാഖമാര്‍ പ്രകാശം കൊണ്ടും,ജിന്നു വംശത്തിലുള്ളവര്‍ അഗ്‌നി കൊണ്ടും സൃഷ്‌ടിക്കപ്പെട്ടപ്പോള്‍ മനുഷ്യന്‍ മണ്ണു കൊണ്ടാണ് സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്.മനുഷ്യ ശരീരത്തില്‍ ഉള്ളതെല്ലാം മണ്ണില്‍ നിന്നാണ്.മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അവന്‍ ആഹരിച്ചു കൊണ്ടിരിക്കുന്നതെല്ലാം മണ്ണില്‍ നിന്നു തന്നെ.ജീവന്‍ നഷ്‌ടപ്പെടുന്ന സകല ജീവജാലങ്ങളും മണ്ണില്‍ മറമാടപ്പെടുകയും മണ്ണില്‍ ലയിച്ചു ചേരുകയുമാണ്.മനുഷ്യ ശരീരം എന്നത് ഈ ഭൂമിയില്‍ മനുഷ്യന്റെ ആത്മാവിനെ വഹിക്കുന്ന ഒരു കൂട് മാത്രമാണ്.നിര്‍ണ്ണയിക്കപ്പെട്ട അവധിയില്‍ ആത്മാവ് ഊരിയെടുക്കപ്പെടുന്നതോടെ മനുഷ്യ ശരീരം നിശ്ചലമാകുന്നു - നിര്‍ജീവമാകുന്നു.മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ച് സ്രഷ്‌ടാവ് സന്നിവേശിപ്പിച്ച ആത്മാവ് ശരീരത്തില്‍ ഉള്ളത്ര കാലമാണ് മനുഷ്യന്റെ ആയുസ്സ്.
ആത്മാവ് ശരീരത്തില്‍ ഉള്ളപ്പോള്‍ ഉള്ള അവസ്ഥയായിരിക്കില്ല.അതില്‍ നിന്നും വേര്‍പ്പെട്ടാലുള്ള അവസ്ഥ.ആത്മാവ് ശരീരത്തില്‍ നിന്നും സ്വതന്ത്രമായി എന്നതിനര്‍ഥം സര്‍വതന്ത്ര സ്വതന്ത്രയായി എന്നല്ല.മറിച്ച് നിയോഗിക്കപ്പെട്ട മാലാഖമാരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.മരണം സംഭവിക്കുന്നതോടെ മൃതശരീരം ഭൗതിക ശരീരം മയ്യിത്ത് എന്നൊക്കെയാണ് ഏതു മഹാനെകുറിച്ചും മഹതിയെ കുറിച്ചും പറയുകയുള്ളൂ.ഒപ്പം ആത്മാവിന് ശാന്തി ലഭിക്കാനുള്ള പ്രാര്‍ഥനകളും.
പുണ്യാത്മാക്കള്‍ മരണവേളയില്‍ ശാന്തരായിരിക്കുമെന്ന് ഖുര്‍ആനിന്റെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം. മരണത്തിന്റെ മാലാഖ വന്ന് അവരെ അഭിസംബോധന ചെയ്യുന്നതു തന്നെ ആത്മാവേ എന്നാകുന്നു. ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് സ്വയം തൃപ്തയും മറ്റുള്ളവര്‍ക്ക് തൃപ്തിയേകുന്നവളുമായി പുറപ്പെട്ടുകൊള്ളുക. എന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിക്കുക. പരിശുദ്ധാത്മാവിന്റെ സമീപത്ത് എത്തിയാല്‍ മാലാഖമാര്‍ സലാം പറഞ്ഞ് അഭിസംബോധന ചെയ്യും.ആനന്ദകരമായ മടക്കയാത്രയ്ക്ക് സ്‌നേഹത്തോടെ ക്ഷണിക്കാനും സമാധാനത്തോടുകൂടി കൂട്ടിക്കൊണ്ടുപോകാനുമാണ് മാലാഖമാര്‍ വരുന്നത്. തങ്ങളെ അനുഗമിക്കുന്ന ആത്മാവിന് വിരഹ ദുഃഖം മറന്ന് പൂര്‍ണ ആനന്ദം ലഭിക്കണമെന്നു കരുതി അതിമനോഹരവും അത്യാകര്‍ഷകവുമായ അലങ്കാരവേഷം അണിഞ്ഞുകൊണ്ടാണ് നിയോഗിക്കപ്പെട്ട മാലാഖമാര്‍ അതിനെ സമീപിക്കുന്നത്. കണ്ണിനു മുന്നില്‍ ദൃശ്യം പ്രകടമാകും വിധം പ്രവാചകന്‍ വിശദീകരിക്കുന്നുണ്ട്.
സത്യവിശ്വാസിയായ ദൈവദാസന്റെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവുമായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളുമായി സൂര്യനെപ്പോലെ ജ്വലിക്കുന്ന തൂവെള്ള മുഖമുള്ള കുറേ മാലാഖമാര്‍ ആകാശത്തു നിന്നിറങ്ങി വന്ന് അവന്റെ കണ്‍ പീലി മുഴുക്കെ നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു.പിന്നീട് മരണത്തിന്റെ മാലാഖ വന്ന് അവന്റെ തലഭാഗത്ത് ഇരുന്നിട്ട് ഇങ്ങനെ ക്ഷണിക്കുന്നു : പരിശുദ്ധാത്മാവേ, അല്ലാഹുവിന്റെ പാപമോചനത്തിലേക്കും പൊരുത്തത്തിലേക്കുമായി പുറപ്പെട്ടുകൊള്ളുക.അപ്പോഴേക്കും കൂജയില്‍ നിന്ന് വെള്ളം ഒഴുകിവരുന്നതുപോലെ ആത്മാവ് ഒഴുകിവരികയായി. ഉടനെ മരണത്തിന്റെ മാലാഖ അതിനെ സ്വാഗതം ചെയ്യുകയും പൊടുന്നനെ കൂടെയുള്ള മറ്റു മാലാഖമാരെ ഏല്‍പ്പിക്കുകയും അവരതിനെ സുഗന്ധം പൂശി സ്വര്‍ഗീയ വസ്ത്രങ്ങളിലാക്കുകയും ചെയ്യുന്നു.
ഭൂമിയില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കും അതിന്. അങ്ങനെ അവര്‍ ആത്മാവുമായി ആകാശലോകത്തേക്ക് ഉയരുകയായി. വഴിയില്‍ കാണുന്ന എല്ലാ മാലാഖമാരും ഏതാണീ പരിശുദ്ധാത്മാവ് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന് പറയാറുണ്ടായിരുന്ന ഏറ്റവും നല്ല പേരില്‍ അവര്‍ അതിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.ഇതുപോലെ ഏറെ മനോഹരമായി മരണത്തെ കുറിച്ച് സജ്ജനങ്ങളുടെ ആത്മാവിനുള്ള സ്വര്‍ഗ്ഗീയമായ സ്വീകരണത്തെ കുറിച്ച് പ്രവാചക ശ്രേഷ്‌ഠന്‍ വിശദീകരിച്ചിട്ടുണ്ട്.
------------
ഇവ്വിധം സ്വീകരിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ പ്രിയപ്പെട്ടവരെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ....
നാഥാ .....
-----------
അസീസ് മഞ്ഞിയില്‍