Tuesday, May 21, 2024

മഞ്ഞു തുള്ളികള്‍

തൃശൂര്‍:അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ എന്ന കവിതാസമാഹാരം പ്രൊ.കെ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്‌തു.സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ശാന്ത ഗം‌ഭീരമായ സദസ്സില്‍ കവയിത്രി സൈനബ് ചാവക്കാട് പുസ്‌തകം ഏറ്റുവാങ്ങി.

തന്റെ ബോധ്യങ്ങള്‍ ഹൃദ്യമായും സൂക്ഷ്‌മമായും അനുവാചകനെ ധരിപ്പിക്കാനുള്ള ആസ്വദിപ്പിക്കാനുള്ള കവിയുടെ ശ്രമങ്ങളാണത്രെ കവിതകള്‍.പ്രൊ.കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കാവ്യഭാഷയിൽ മിടിക്കുന്ന ഒരു സൂക്ഷ്മ വാദ്യമാണ് മഞ്ഞു തുള്ളികളിലെ ഓരോ കവിതയും.അനുഭവം മാത്രമല്ല ചരിത്രവും  സ്വപ്നകാമനകളും സത്യസാക്ഷ്യവും സ്വത്വകാംക്ഷയും നീതിബോധവും സന്ദേഹവും കവിതയിൽ പൊലിക്കുന്നു.മഞ്ഞു തുള്ളികള്‍ പോലെ നിഷ്‌കളങ്കമാണ്‌ മഞ്ഞിയില്‍ കവിതകള്‍.പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി ലോകങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ്‌ കവിത.വര്‍‌ത്തമാന കാലവും ലോകവും രാഷ്‌ട്രീയവും എല്ലാം കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌ ഈ കവിതാ സമാഹാരം.സദസ്സ് വിലയിരുത്തി.

സാഹിത്യ നിരൂപകന്‍ പി.ടി കുഞ്ഞാലി മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന പ്രകാശനച്ചടങ്ങില്‍,എ.വി.എം ഉണ്ണി പുസ്‌തക പരിചയം നടത്തി.സൈനബ് ചാവക്കാട്,സക്കീര്‍ സാഹിബ് (തനിമ),സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.ഇര്‍‌ഫാന കല്ലയില്‍ താഴ്‌വരയുടെ കണ്ണീര്‍ എന്ന മഞ്ഞിയിലിന്റെ കവിത ആലപിച്ചു.അസിസ് മഞ്ഞിയില്‍ മറുപടി പറഞ്ഞു.ശ്രീ വിമല്‍ വാസുദേവ് ആലപിച്ച പൊന്നുമ്മ എന്ന കവിതയുടെ ശബ്‌ദലേഖനത്തോടെ പ്രാരം‌ഭം കുറിച്ച സായാഹ്ന സം‌ഗമത്തില്‍ അഡ്വ.അറക്കല്‍ ഖാലിദ് സ്വാഗതമാശം‌സിച്ചു.വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദി പ്രകാശിപ്പിച്ചു.

----------------------------

ഏകാധിപത്യത്തിനെതിരേയുള്ള  നിരന്തര പ്രതിരോധമാവണം കവിത".

സച്ചിദാനന്ദൻ

"മഞ്ഞുതുള്ളികൾ " പ്രകാശനം ചെയ്തു.

തൃശൂർ: നമ്മുടെ രാജ്യത്തെ സമഗ്രമായി ഗ്രസിക്കുന്ന മഹാവിപത്താണ് അരിച്ചിറങ്ങുന്ന ഫാഷിസവും അത് മുന്നോട്ട് വെയ്ക്കുന്ന ഏകാധിപത്യ ജ്വരവും.

പ്രകൃതിക്ഷോഭങ്ങൾ മനുഷ്യനെ ദുഃഖിതനാക്കുന്നു. അതേ പോലെ സമഗ്രാധിപത്യവും സ്വേച്ഛാധിപത്യവും നമ്മെ സംഘർഷത്തിലാക്കുന്നു. എപ്പോഴാണ് നാം അപരമാക്കപ്പെടുന്നതെന്നത് രാജ്യത്തെ വലിയൊരു വിഭാഗം പൗരൻമാരുടെ വേവലാതിയാണ്. മത ന്യൂനപക്ഷങ്ങൾ ഇന്നിന്ത്യയിൽ ഒരു ദുരിത സാനുവിലാണ്. അസത്യങ്ങൾ സത്യങ്ങളായി അവതരിക്കുന്നു.

ഈ ഭീകരാവസ്ഥ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ കവിതകൾ തീക്ഷണമായ പ്രതിരോധമായി മാറണമെന്ന് പ്രൊഫ: സച്ചിതാനന്ദൻ അഭിപ്രായപ്പെട്ടു.

അസീസ് മഞ്ഞിയിലിൻ്റെ മഞ്ഞുതുള്ളികൾ " എന്ന കവിതാ സമാഹാരം തൃശൂർ സാഹിത്യ അക്കാഡമിയിലെ വൈലോപ്പള്ളി ഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കവയിത്രി സൈനബ് ചാവക്കാട് പുസ്തകം ഏറ്റുവാങ്ങി.

ഏത് ജനതയുടേയും സന്തോഷത്തിലും ആഘോഷത്തിലും കവിയുണ്ടാവും, അവരുടെ ദു:ഖത്തിൽ വിശേഷിച്ചും. അതയാളുടെ അവതാരലക്ഷ്യമാണ്", സച്ചിദാനന്ദൻ ഓർമിപ്പിച്ചു.

കവികളും കലാകാരന്മാരും ഒരേ ഗോത്രത്തിൽ നിന്നാണ് വരുന്നത്. ആ ഗോത്രം മനുഷ്യ ഗോത്രമാണ്. അവരുടെ സുരക്ഷ കവിയുടെ ധർമമാണ് ''തൻ്റെ ഗോത്രം എന്ന കവിത ചൊല്ലിക്കൊണ്ട് അദ്ദേഹം തുടർന്നു.

സാഹിത്യ നിരൂപകനും, എഴുത്തുകാരനുമായ പി.ടി. കുഞ്ഞാലി അധ്യക്ഷതവഹിച്ചു. കവിതയുടെ സൂക്ഷ്മമണ്ഡത്തിലേക്കിറങ്ങി പി ടി കുഞ്ഞാലി നടത്തിയ നിരീക്ഷങ്ങളെ ഏറ്റെടുത്തു കൊണ്ടാണ് സച്ചിതാനന്ദൻ പ്രഭാഷണം മുഴുമിപ്പിച്ചത്.

ഇർഫാന കല്ലയിൽ കവിതാലാപനം നടത്തി.മാധ്യമപ്രവർത്തകൻ സക്കീർ ഹുസൈൻ തൃശൂർ, സൈനുദ്ദീൻ ഖുറൈശി എന്നിവർ ആശംസകൾ നേർന്നു.

തൻ്റെ മാതാവിന് സമർപ്പിച്ച കവിതാ സമാഹാരത്തെ കുറിച്ച് കവി അസീസ് മഞ്ഞിയിൽ സംസാരിച്ചത് വികാരഭരിതനായാണ്.ഖാലിദ് അറക്കൽ സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.കോഴിക്കോട് വചനം പബ്ലിഷിംഗ് ഹൗസാണ് പ്രസാധകർ.

-------

വചനം