നിമിഷങ്ങള്‍ക്കുള്ളില്‍ ആംബുലന്‍സ് എത്തി.നാട്ടുകാരുടെ സാഹയത്താല്‍ ആംബുലന്‍സില്‍ കയറ്റി.കാലിലെ എല്ലിന് സാരമായ പരിക്കുള്ളതിനാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷമീര്‍ മോന്റെ പ്രാഥമിക പരിചരണങ്ങള്‍ക്ക് ശേഷമാണ് എന്റെ കാലിലെ പരിക്കും മുറിവും ശ്രദ്ദയില്‍ പെട്ടത്.ഷമീറിനെ ശസ്‌ത്രകിയക്ക് വിധേയനാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ ബന്ധുക്കളെ വിവരമറിയിച്ചു.താമസിയാതെ എല്ലാവരും എത്തി.
എനിക്കുള്ള പരിചരണങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഹമദിനോട് നാട്ടില്‍ വരാന്‍ നിര്‍ദേശം കൊടുത്തു.അവധികഴിഞ്ഞ് ബാംഗ്‌ളൂരില്‍ തിരിച്ചെത്തിയ അന്‍സാര്‍ ഉടനെ നാട്ടിലേക്ക് പുറപ്പെടുകയും ചെയ്‌തു.
മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം ഡിസ്‌ചാര്‍ജ് ചെയ്‌ത് വീട്ടില്‍ തിരിച്ചെത്തി.വിശ്രമം തുടര്‍ന്നു.ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.
---------------
ഇതിന്നിടെ തികച്ചും അവിചാരിതമായി മകന്‍ ഹമദിന് ഒരു വിവാഹാന്വേഷണം. പെരുമ്പിലാവ് അന്‍സാര്‍ കേമ്പില്‍ വെച്ച് ഇര്‍ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്‌നേഹാന്വേഷണത്തിലൂടെ വളര്‍ന്നു വന്നു.താമസിയാതെ ഹിബയുടെ പിതാവ് ബുഖാറയില്‍ ഷിബിലിയും ഞാനും കാര്യങ്ങള്‍ പങ്കുവെച്ചു. ഡിസംബര്‍ 19 ന് രാവിലെ ഞങ്ങള്‍ മുല്ലശ്ശേരിയിലെ വസതിയില്‍ വെച്ച് പരസ്‌പരം പ്രാഥമികമായി ചര്‍ച്ച ചെയ്‌തു.അന്ന് വൈകീട്ട് അദ്ദേഹം ദോഹക്ക് പോയി.
ശാന്തപുരം അല്‍ജാമിഅ ഇസ്‌ലാമിയ്യയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍ഥിനിയാണ് ഹിബ ഷിബിലി.പഠന സൗകര്യാര്‍ഥം ഉമ്മയും മകളും ശാന്തപുരത്താണ് താല്‍കാലികമായി താമസിക്കുന്നത്.
ഡിസംബര്‍ 26 ന് ഞങ്ങള്‍ ശാന്തപുരത്തെ വീട്ടില്‍ പോയി.മക്കള്‍ പരസ്‌പരം കണ്ടു.മക്കളുടെ അനുകൂലമായ പ്രതികരണങ്ങളിലുള്ള സന്തോഷത്തിലാണ് ഇരു കുടുംബവും.ശൈത്യകാല നൊമ്പരങ്ങളില്‍ മലരുകള്‍ ഉണരുന്നത് പോലെ...
===============
മഞ്ഞിയില്‍