Monday, December 30, 2024

പൊള്ളുന്നവാക്കുകള്‍

പൊള്ളുന്നവാക്കുകള്‍ 

ഫാത്തിമ ഹിബയുടെ 2015ല്‍ പ്രകാശനം ചെയ്യപ്പെട്ട കവിതാ സമാഹാരമാണ്‌ വാക്ക്.കഴിഞ്ഞ ദിവസം ഈ കവിതകളിലൂടെ സഞ്ചരിച്ചപ്പോള്‍ വായിക്കാന്‍ വൈകിപ്പോയതില്‍ ഖേദം തോന്നി.

ഉറുദു കവിയായ ഇഫ്‌തികാര്‍ ആരിഫിന്റെ മുകാലമ എന്ന കവിതയില്‍ കനം തൂങ്ങി നില്‍‌ക്കുന്ന ചിലവരികളിലെ അര്‍‌ഥതലങ്ങള്‍ ഓര്‍‌ത്തുപോയി.ഓരോ ശിലയിലും അഗ്നി നിറച്ച,അഗ്നിക്ക് നിറം കൊടുത്ത,അണുവിന്‌ ശബ്‌ദവും ശബ്‌ദത്തിന്‌ വാക്കും വാക്കിന്‌ ജീവനും നല്‍‌കിയവന്‍ എന്നാണ്‌ അതിലെ ആശയം. അഥവാ സര്‍‌ഗാത്മകമായി പ്രപഞ്ച നാഥനെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ അക്ഷര ലോകം.

മനുഷ്യന്‍ ആശയവിനിമയം നടത്തി കൊണ്ടിരിക്കുന്ന വാക്കുകളുടെ ആഴങ്ങളിലേക്കും അതിലെ വിസ്‌മയലോകത്തേക്കും കവി അനുവാചകനെ നയിക്കുകയാണ്‌.

ഹിബയുടെ കവിതാസമാഹാരത്തിന്റെ പേര്‌ പോലും വാക്ക് എന്നാണ്‌.അവതാരികയില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ,ഹിബ എഴുതുമ്പോള്‍ ഭാവനക്ക് ചിറക്‌വെക്കുകയല്ല.യാഥാര്‍‌ഥ്യത്തിന്‌ മൂര്‍‌ച്ച കൂടുകയാണ്‌. വേദനകൊണ്ട് പുളയുന്ന പച്ചമനുഷ്യരുടെ നോവും വേവും സ്വമേധയാ ഏറ്റുവാങ്ങുന്ന നിഷ്‌കളങ്കരായ കവികളുടെ മുന്‍ നിരയില്‍ ഈ ബാലിക മൂര്‍‌ച്ചയുള്ള വാക്കുകള്‍‌കൊണ്ട് പ്രതികരിക്കുന്നതായി അനുഭവപ്പെടുന്നു.

കവിയുടെ സ്വപ്‌നങ്ങള്‍,പ്രതീക്ഷകള്‍ സങ്കടങ്ങള്‍ എല്ലാം മിഴിവാര്‍‌ന്ന വാക്കുകളിലൂടെ പ്രസരിപ്പിക്കുന്നുണ്ട്.ഹൃദയവികാരങ്ങള്‍ നോവുകളായി പുറത്ത് വരുന്നതാണ്‌ കവിത എന്ന വരിയിലുണ്ട് കാവ്യലോകത്തിന്റെ സകല സൗന്ദര്യവും.വാക്കിന്റെ ശക്തിക്ക് മുന്നില്‍ വാള്‍‌മുനകള്‍ ഒടിയുന്നു എന്ന പ്രയോഗം മാത്രം മതിയാകും ഈ പ്രതിഭയുടെ അക്ഷരധ്വനികളുടെ മാസ്‌മരികലോകം തിരിച്ചറിയാന്‍.

വാക്ക് എന്നകവിതയില്‍ നിന്നും തുടങ്ങി ഐലന്‍ എന്ന കവിതയോടെ സമാപിക്കുന്ന ഈ കൊച്ചു സമാഹാരം വായനക്കാരോട് തുറന്നു പറയുന്ന പൊള്ളുന്ന വാക്കുകള്‍ നിമിഷം പ്രതി ജ്വലിച്ചു കൊണ്ടിരിക്കുകയും ഇത് അണയാതിരിക്കാന്‍ കൊതിച്ചു പോകുകയും ചെയ്യും.

ഗസ്സയിലൂടെ പറഞ്ഞ് വെക്കുന്ന വാക്കുകൾ, കണ്ണടയിലൂടെ കാണുന്ന കാഴ്ചകൾ, ഐലനിലൂടെ ലോകത്തെ നോക്കിക്കാണുന്ന കുഞ്ഞു ഹൃദയം ഏറെ വിസ്‌മയാവഹം തന്നെ....!

ഫാത്തിമ ഹിബ ഷിബിലി നു‌അ്‌മാന്‍ എന്നാണ്‌ ഈ കവയത്രിയുടെ പൂര്‍‌ണ്ണനാമം.ഇപ്പോള്‍ ശാന്തപുരം അല്‍‌ജാമിഅയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍‌ഥിനിയാണ്‌.

മുതിര്‍‌ന്ന ഹിബയുടെ വാക്കുകളല്ല,ബാലികയായിരുന്ന പ്രതിഭയുടെ മൂര്‍‌ച്ചയുള്ള വാക്കുകളും അതില്‍ ചൂഴ്‌ന്ന് നില്‍‌ക്കുന്ന ഭാവനാലോകവും വായനക്കാരെ ആശ്ചര്യപ്പെടുത്തും.ഇന്നെനിക്ക് ആകാശത്ത് വട്ടമിട്ട് പറക്കണം എന്ന് ആശ എന്ന കവിതയിലൂടെ ധീരമായി ചുവട് വെക്കുന്ന ഹിബയുടെ സങ്കല്‍‌പങ്ങള്‍‌ക്ക് ചിറകുകള്‍ മുളക്കട്ടെ എന്നാണ്‌ പ്രാര്‍‌ഥന. 

മഞ്ഞിയില്‍