-----------------
കൂട്ടുകാരികളായ ഇര്‍ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്‌നേഹാന്വേഷണം മകന്‍ ഹമദിനുള്ള ഇണയെ കണ്ടെത്തുന്നതിലേക്ക് യാദൃശ്ചികമായി വഴി തുറന്നപ്പോള്‍ ഹിബയുടെ പിതാവ് ഷിബിലിയും ഞാനും വിശേഷങ്ങള്‍ പ്രാധാന്യത്തോടെ പങ്കുവെച്ചു.
19 ഡിസംബര്‍ 2024 ന് രാവിലെ ഞങ്ങള്‍ മുല്ലശ്ശേരിയിലെ വസതിയില്‍ വെച്ച് പരസ്‌പരം പ്രാഥമികമായി ചര്‍ച്ച ചെയ്‌തു.അല്‍ജാമിഅ ഇസ്‌ലാമിയ്യയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍ഥിനിയാണ് ഹിബ ഷിബിലി.പഠന സൗകര്യാര്‍ഥം ശാന്തപുരത്താണ് താല്‍കാലികമായി താമസിക്കുന്നത്.ഡിസംബര്‍ 26 ന് ഞങ്ങള്‍ ശാന്തപുരത്തെ വീട്ടില്‍ പോയി.മക്കള്‍ പരസ്‌പരം കണ്ടു.മക്കളുടെ അനുകൂലമായ പ്രതികരണങ്ങളില്‍ അല്ലാഹുവിനെ സ്‌തുതിച്ചു.
19 ജനുവരി 2025
ഞങ്ങള്‍ കുടുംബ സമേതം അഞ്ചങ്ങാടി ബുഖാറയില്‍ പോയി.സ്‌നേഹ സമ്പന്നരായ റഫീഖ് സഹോദരന്മാരുടെ വീട് സന്ദര്‍ശിച്ചു.എന്റെ സഹോദരിമാരില്‍ നിന്നും രണ്ട് പേരും ജേഷ്‌ഠ സഹോദരന്റെ മൂത്തമകളും കുടുംബവും ഹമദിന്റെ മാമയും മാമിമാരും കുഞ്ഞുമ്മയും കുഞ്ഞുപ്പയും കൂടെയുണ്ടായിരുന്നു.വൈകീട്ട് 5 മണിക്ക് ശേഷമാണ് ഞങ്ങള്‍ ബുഖാറയില്‍ എത്തിയത്.എല്ലാം പരിചിതമുഖങ്ങളായിരുന്നില്ലെങ്കിലും അങ്ങനെയാണ് അനുഭവപ്പെട്ടത്.ബന്ധുക്കളും പ്രിയപ്പെട്ടവരുമായി കുറച്ചു സമയം സൗഹൃദം പങ്കിട്ടു.പരസ്‌പരം പരിചയപ്പെട്ടു.പ്രിയ സഹോദരങ്ങളുടെ വന്ദ്യവയോധികയായ ഉമ്മ ഏറെ സന്തോഷവതിയായിരുന്നു.ഞാനും മോനും ചാരത്തിരിക്കെ അവര്‍ മനസ്സ് തുറന്നു പ്രാര്‍ഥിച്ചു.
വായന ഇഷ്‌ടപ്പെടുന്ന ഹിബമോള്‍ക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ അടക്കം പുസ്‌തകങ്ങള്‍ സമ്മാനമായി നല്‍കി.എല്ലാവരും ഒരുമിച്ചിരുന്ന് ചായസത്കാരം ആസ്വദിച്ചു കൊണ്ടിരിക്കെ മഗ്‌രിബ് അദാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.ബുഖാറപള്ളിയില്‍ പോയി നിസ്‌ക്കരിച്ചു.പള്ളിയില്‍ വെച്ചും പ്രിയപ്പെട്ട ഹുസൈന്‍ തങ്ങളേയും മറ്റുപലരേയും കണ്ടു സന്തോഷം പങ്കിട്ടു.
റഫീഖ് കുടുംബത്തിലെ കുട്ടികളും കൗമാരക്കാരും യുവാക്കളും എല്ലാം പ്രകൃതിരമണീയമായ ബുഖാറ പരിസരത്ത് നില്‍ക്കുമ്പോള്‍ മൊബൈലുകള്‍ മിന്നിക്കൊണ്ടിരുന്നു.ഖത്തറില്‍ നിന്നും റഫീഖ് തങ്ങളും ഷിബിലിയും ടലഫോണിലൂടെ സ്‌നേഹാന്വേഷണങ്ങള്‍ നടത്തി തങ്ങളുടെ ആത്മീയ സാന്നിധ്യം രേഖപ്പെടുത്തി.
ഹിബമോളുടെ പഠനത്തിന് പ്രയാസമില്ലാത്ത നാളും തിയ്യതിയുമൊക്കെ പരസ്‌പരം കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കണമെന്നാണ് രണ്ട് കുടുംബങ്ങളും കരുതുന്നത്.
ലോക രക്ഷിതാവായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ...
മഞ്ഞിയില്‍