Showing posts with label അനര്‍‌ഘനിമിഷങ്ങള്‍... Show all posts
Showing posts with label അനര്‍‌ഘനിമിഷങ്ങള്‍... Show all posts

Sunday, August 2, 2026

അനര്‍‌ഘനിമിഷങ്ങള്‍..

ജീവിതത്തിലെ അനര്‍‌ഘ നിമിഷങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന എത്രയൊ അനുഗ്രഹ മുഹൂര്‍‌ത്തങ്ങളാല്‍ ജീവിതം സമ്പന്നമത്രെ.പ്രഭാതവും പൂർവാഹ്നവും മധ്യാഹ്നവും അപരാഹ്നവും സായാഹ്നവും പിന്നിട്ട് സന്ധ്യാവേളയില്‍ ഓര്‍‌ത്തെടുത്താല്‍ തീരാത്തത്ര സങ്കടങ്ങളുടെ പെരുമഴക്കാലങ്ങളും സന്തോഷദായക നിമിഷങ്ങളുടെ പൂക്കാലങ്ങളും കൊണ്ട് ജീവിത യാത്ര ധന്യമാണ്‌.

കൗമാരം മുതല്‍ തുടങ്ങിയ എഴുത്തും പഠനവും മനനവും തൂലികയും ഒരു വിശ്രമം ആവശ്യമില്ലാത്തത്ര സജീവമാണ്‌.ജീവിത പാതയില്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികള്‍ പ്രതിബന്ധങ്ങള്‍ ദുര്‍‌ഘടങ്ങള്‍ എല്ലാം അഭിമുഖീകരിച്ച് യാത്ര ചെയ്യുമ്പോള്‍ തൂലികക്ക് വിശ്രമിക്കാനാകുകയില്ല. സന്താപങ്ങളില്‍ ക്ഷമയോടെ സഹനത്തോടെ കാത്തിരിക്കാനും സന്തോഷങ്ങളില്‍ കൃതജ്ഞതയോടെ പരിധിവിടാതെ പൂത്തുല്ലസിക്കാനും കഴിയുമ്പോള്‍ മനോഹരമായ സഹനമെന്ന വേദവാക്യത്തിലെ തേന്മൊഴി ജീവിതത്തെ മധുരോതരമാക്കും.

പതിമൂന്നാമത്തെ വായസ്സില്‍ പറന്നു പോയ മൂത്തമകന്‍ അബ്‌സ്വാര്‍.പേരിന്റെ ധ്വനിയിലെന്നപോലെ അക്ഷരാര്‍‌ഥത്തില്‍ ഒരു ദാര്‍‌ശനികന്‍ തന്നെയായിരുന്നു.

അന്‍‌സാറും,ഹിബമോളും,ഹമദും,അമീനയും വിവിധ സര്‍‌ഗസിദ്ധികള്‍‌ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണെങ്കിലും അബ്‌സ്വാറിന്റെ സര്‍‌ഗാത്മക ലോകത്തേക്ക് പറന്നുയരുന്നതില്‍ അവര്‍‌ക്ക് പരിമിതികളുണ്ട്.

എന്നാല്‍ മൂത്ത മരുമകള്‍ കല്ലയില്‍ ഇസ്‌ഹാഖ് സാഹിബിന്റെ മകള്‍ ഇര്‍‌ഫാന ഇം‌ഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമായി പഠന കളരിയിലുണ്ട്. രണ്ടാമത്തെ മരുമകള്‍ ബുഖാറയില്‍ ഷിബിലിയുടെ മകള്‍ ഫാത്വിമ ഹിബ കൗമാരത്തില്‍ തന്നെ കവിതാലോകത്തേക്ക് കടന്നു വന്ന അനുഗ്രഹീതയായ കവയത്രിയാണ്‌.

മഞ്ഞുതുള്ളികള്‍ എന്ന കവിതാസമാഹാരം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സച്ചിദാനന്ദൻ  സാര്‍ പ്രകാശനം ചെയ്യുന്ന വേളയില്‍ എന്റെ ഒരു കവിതയുമായി ഇര്‍‌ഫാന മോള്‍ വേദിയില്‍ എഴുന്നേറ്റ് നിന്നപ്പോള്‍ മനസ്സില്‍ പെയ്‌ത പൂത്തിരിവെട്ടത്തിന്റെ കണികകള്‍ ഇന്നും അണയാതെ മനസ്സിലുണ്ട്.

ദോഹയില്‍ ഒരു സായം സന്ധ്യയില്‍ എഫ്‌സിസി ഒരുക്കിയ കവിതാസ്വാദന സദസ്സില്‍ ഉപ്പയും ഹിബമോളും ഒരേവേദിയിലെത്തിയ അഭിമാനകരമായ നിമിഷങ്ങളും വിവരണാതീതമത്രെ.

മനുഷ്യന്റെ പരിധിയും പരിമിതിയുമാണ്‌ ഉപ്പാടെ കവിതയില്‍ ജ്വലിച്ചു നിന്നതെങ്കില്‍ നശ്വരമായ ലോകത്ത് നിന്ന്‌ നാടുനീങ്ങാനുള്ള ഒരു മുസാഫിറിനെ കുറിച്ചുള്ള ഭാവാത്മകമായ ഓര്‍‌മപ്പെടുത്തലായിരുന്നു ഹിബമോളുടെ കവിതയില്‍ പ്രകാശിച്ചു നിന്നത്.

അനര്‍‌ഘനിമിഷങ്ങള്‍‌ക്ക് നിമിത്തമായ സം‌ഘത്തിനും സം‌ഘാടകര്‍‌ക്കും നന്ദി.

===========

മഞ്ഞിയിൽ