Showing posts with label തീര്‍‌ഥാടനം. Show all posts
Showing posts with label തീര്‍‌ഥാടനം. Show all posts

Sunday, April 26, 2026

താഹിറയുടെ തീര്‍‌ഥാടനം

അറബി ഭാഷയില്‍ ത്വാഹിര്‍ എന്നാല്‍ ശുചിത്വമുള്ള ശുദ്ധിയുള്ള എന്നൊക്കെയാണ്‌ സാരം.ഇതിന്റെ സ്‌ത്രീലിം‌ഗ പ്രയോഗമാണ്‌ ത്വാഹിറ.

മഞ്ഞിയില്‍ കുടുംബത്തില്‍ പത്തുമക്കളില്‍ പത്താമത്തെ മകളാണ്‌ ത്വാഹിറ.മൂത്തമകള്‍ റുഖിയയും ഫാത്വിമയും പരലോകം പൂകി.ഖദീജ ബാല്യത്തില്‍ തന്നെ യാത്രയായി.

പരേതരായ മാതാപിതാക്കളുടെ ബന്ധുമിത്രാധികളുടെ വിശ്വാസി വിശ്വാസിനികളുടെ പരലോകം പ്രകാശപുരിതമാക്കി അല്ലാഹു അനുഗ്രഹിച്ചരുളുമാറാകട്ടെ.

സഹോദരിമാരായ ആമിനക്കുട്ടിയും ഹലീമയും ഷരീഫയും ഉമ്മയോടൊപ്പം പരിശുദ്ധ ഹജ്ജ് കര്‍‌മം നിര്‍‌വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ്‌.ഉമ്മയോടൊപ്പം തന്നെ പരിശുദ്ധ ഗേഹത്തിലെത്താന്‍ ഞങ്ങള്‍‌ക്കും മക്കള്‍‌ക്കും ഭാഗ്യം ലഭിച്ചിരുന്നു. ഈ വര്‍‌ഷം പ്രിയപ്പെട്ട ത്വാഹിറയേയും പ്രിയതമനേയും ഈ മഹാ സൗഭാഗ്യം തേടിയെത്തിയിരിക്കുന്നു.അല്ലാഹുവിന്‌ സ്‌തുതി.

പ്രിയപ്പെട്ട സഹോദരന്റെ വാചകം ഓര്‍‌ത്തെടുത്ത് പറഞ്ഞാല്‍, ഒരിക്കലും വറ്റാത്ത സംസമിന്റെ നാട്ടിലേക്ക്, ഒരിക്കലും ചീയാത്ത ഈത്തപ്പഴത്തിന്റെ നാട്ടിലേക്ക്‌ ഒട്ടും തളരാതെ നടന്നു നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങളുടെ താഴ്‌വരയിലേക്ക്, ലബ്ബൈകല്ലാഹ് എന്ന തൽബിയത്തിന്റെ  ആരവം മുഴങ്ങുന്ന  മക്കാനഗരിയിലേക്ക്, ഇന്നോളം വിളക്കണഞ്ഞിട്ടില്ലാത്ത മസ്‌ജിദുല്‍ ഹറാമിന്റെ അകത്തളത്തിലേക്കു, സർവ്വോപരി ഭൂമദ്ധ്യബിന്ദുവിൽ നാഥന്റെ പ്രഥമ ഭവനമായി പണികഴിക്കപ്പെട്ട  തൗഹീദിന്റെ  പ്രഭാ കേന്ദ്രമായ  വിശുദ്ധ കഅബാ മന്ദിരത്തിലേക്ക്.....

വിനീതരായ ദാസന്മാര്‍ അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥികളായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.

മുത്ത് റസൂലിന്റെ റൗദാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്‌ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....

കര്‍‌മങ്ങളെല്ലാം യഥാവിധി നിര്‍‌വഹിച്ച് പുതിയ ഒരു ജന്മത്തെ മനസാവാചാ കര്‍‌മണാ പൂകി ആത്മസായൂജ്യത്തോടെ തിരിച്ചെത്താനുള്ള ആശയും ആത്മാര്‍‌ഥമായ പ്രാര്‍‌ഥനയുമായി ഇതാ പുറപ്പെടുകയാണ്.

നാഥാ കനിഞ്ഞരുളേണമേ..

===============

മഞ്ഞിയില്‍ കുടും‌ബം