കാലം അനുഭവിപ്പിക്കുന്ന ഏത് പ്രതിസന്ധിയും മനസ്സാന്നിധ്യത്തോടെ നേരിടാനുള്ള ഉൾകരുത്തും ഊർജ്ജവും ലഭിക്കുന്നതും ഒരു പക്ഷെ ഇക്കാലത്തിൻ്റെ സവിശേഷതയുമാണ്.
ഗൃഹാതുര ചിന്തകൾ മനസ്സിൽ ഊഞ്ഞാലു കെട്ടിയാടുകയാണ്.മക്കളും മരുമക്കളും പേരമക്കളും വിവിധയിടങ്ങളിലാണ്.ഞാനും ഹമദും ദോഹയിലുണ്ട്.ഒപ്പം എൻ്റെ നല്ല പാതിയും.
ഹിബമോളുടെ ഇരട്ടകളായ പേരമക്കൾ മുഹമ്മദ് ഫലഖ് ഷമീറും മുഹമ്മദ് ഫായിഖ് ഷമീറും പുതിയ അധ്യയന വർഷം മുതൽ പ്രാഥമിക വിദ്യാലയത്തിൽ ചേർന്നിരിക്കുന്നു.
അൻസാറിന്റെ സഹധർമിണി ഇർഫാന ഉപരിപഠനാർത്ഥം കാലിക്കറ്റ് സർവ്വകലാശാലയിലാണ്.ഹമദിന്റെ പ്രിയതമ ഹിബ ഷിബിലി അൽജാമിഅ ഇസ്ലാമിയ്യ ശാന്തപുരത്തും.
മിനമോൾ ( അമീന) പഠനത്തിൻ്റെ ഭാഗമായി കോഴിക്കോട് ഒരു അക്കാഡമിയിലാണ്.സ്ഥാപനത്തിന്റെ പരിസരത്ത് തന്നെയാണ് താമസം.വീട് വിട്ടുള്ള താമസവും പഠനവും മിനമോൾക്ക് പുതുമയുള്ള അനുഭവമാണ് ഒപ്പം പുതിയ ജീവിത സാഹചര്യങ്ങളുടെ പാഠവും പഠനവും.
വിദ്യാഭ്യാസത്തെ കുറിച്ച് വളരെ വിശാലമായ വിഭാവനകളും കാഴ്ചപ്പാടും വെച്ച് പുലർത്തിയിരുന്ന പ്രതിഭയായിരുന്നു അബ്‌സാര്‍.തന്റെ കണ്ണില്‍ പതിഞ്ഞതൊക്കെ പ്രതിഫലിപ്പിക്കാന്‍ അക്ഷരങ്ങള്‍ക്കാവില്ല. സര്‍ഗസിദ്ധിയുള്ളവര്‍ ഊതിക്കാച്ചി പ്രകാശിപ്പിച്ച അക്ഷരങ്ങള്‍ക്ക് പോലും പരിധിയും പരിമിതിയുമുണ്ട്.
അബ്‌സാര്‍ എന്ന കൊച്ചു ദാര്‍ശിനികന്റെ വീക്ഷണം മക്കൾക്കും പേരമക്കൾക്കും മരുമക്കൾക്കും എന്നല്ല വിവര വിജ്ഞാന വിദ്യാഭ്യാസ കുതുകികൾക്കെല്ലാം പ്രചോദനമാകണം.
പുസ്‌തക താളുകളിലെ പതിന്മടങ്ങ് വിദ്യയും അഭ്യാസവും നേർകാഴ്ചകളിലും അനുഭവങ്ങളിലുമാണ്.എന്നായിരുന്നു മണ്‍മറഞ്ഞ പ്രതിഭയുടെ വീക്ഷണം. ജീവിതത്തിലെ ഓരോ ഇടത്തിലും സാഹചര്യത്തിലും സന്ദർഭത്തിലുമാണ് എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
സകല പദാര്‍ഥങ്ങളും നശ്വരമത്രെ.അഗ്നിസ്‌പുരിക്കുന്ന വാക്കും വാക്കുകളില്‍ നിന്നും പ്രസരിച്ച സുഗന്ധവും നിത്യവും അനശ്വരവുമത്രെ.
ഗതകാല ഓര്‍മകളെ താലോലിച്ച് കൊണ്ട് പുതിയകാല പ്രതീക്ഷയില്‍ ഒരു പ്രഭാതം വിടരുന്നതും കാത്ത് പ്രാര്‍ഥനയോടെ ...
======
മഞ്ഞിയില്‍