പ്രിയപ്പെട്ടവരോടൊത്ത് ഒരു കല്യാണം
--------------------
പടിവാതില്‍ കടന്നയുടനെ വരവേറ്റത് ഖിയാഫിന്റെ സ്വന്തം സുന്ദരികളായ കവിതകളായിരുന്നു.പിന്നെ കുറെ അക്ഷരക്കൂട്ടങ്ങളില്‍ അക്ഷീണം വഴിവെട്ടുന്നവരും പടികെട്ടുന്നവരും വാതില്‍ വെക്കുന്നവരും ഒക്കെയായി മനസ്സ് നിറഞ്ഞ് അകത്തളത്തിലേക്ക് നീട്ടി നോക്കിയപ്പോള്‍ കുറെയധികം അറിവാളന്മാരും അരിവാളന്മാരും വാളൂരികളും വാളൂരാന്മാരും ഉണ്ടെന്നു മനസ്സിലായി.
കവിതകള്‍ക്കിടയില്‍ കലപിലകൂട്ടി പരിചിതര്‍ക്കും അല്ലാത്തവര്‍ക്കും പുഞ്ചിരി സമ്മാനിച്ചു ഒരു ഇരിപ്പിടം തേടി അകത്തേക്ക് കടന്നു.ഒടുവില്‍ പഴയ സഹാപാഠിയുടെ അടുത്ത് തന്നെ ഇടം കിട്ടി.
കടന്നു വരുന്നതൊക്കെ കണ്ടു.അകത്തേക്ക് ഇനിയും എന്തേ എത്തിയില്ല എന്നോര്‍ത്ത് തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാവര്‍ക്കും മുഖം കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നു മനസ്സിലായി.സഹപാഠിയുടെ നിരീക്ഷണത്തെ ഈണത്തില്‍ ചിരിച്ച് പ്രതികരിച്ചു കൊണ്ട് ഞങ്ങള്‍ പഴങ്കഥകളിലേക്ക് കടന്നു.
താമസിയാതെ നിഖാഹ് വേദിയിലേക്ക് പുതുമാരനെ ആനയിക്കുന്നതിന്റെ ഭാഗമായി തട്ടും മുട്ടും പാട്ടും ബൈത്തും.തികച്ചും സന്തോഷ ദായക നിമിഷങ്ങള്‍.വേദിയില്‍ നിന്നും കാര്‍മികന്‍ ഇറങ്ങി വരുന്നത് കണ്ട് സഹപാഠി ചോദ്യരൂപത്തില്‍ എന്നെ നോക്കി.വധുവിനോട് സമ്മതം ചോദിക്കാനായിരിയ്‌ക്കും എന്ന് ഊഹിച്ച മറുപടിയില്‍ അയാള്‍ അദ്ദേഹം തൃപ്‌തനായി.
ഗൃഹനാഥന്‍ വേദിയില്‍ എഴുന്നേറ്റു നിന്ന് ശുദ്ധമായ ഭാഷകളില്‍ സ്വാഗതമോതിയതിനു ശേഷം പ്രിയപ്പെട്ട താജു സാഹിബിന്റെ ഹ്രസ്വവും വശ്യവുമായ പ്രഭാഷണം.
ദാമ്പത്യ ജീവിതത്തെ പ്രതിയുള്ള ഏറ്റവും മനോഹരമായ ആഖ്യാനം വരുന്നത് മവദ്ദത്തൻ വ റഹ്‌മയിൽ (സ്നേഹവും കാരുണ്യവും) നിന്നാണ്. ഇത്രയും കാൽപനികവും കാവ്യാത്മകവുമായ ഒരാവിഷ്കാരത്തിന്റെ ആജീവനാന്ത കരാറിനെ പ്രശോഭിപ്പിച്ചു കൊണ്ടുള്ള വാചാലതയില്‍ സദസ്സ് അലിഞ്ഞു പോയിരിയ്‌ക്കാം.
പ്രിയപ്പെട്ട സഹോദരന്മാരുടെ സ്‌നേഹനിധികളായ നവദമ്പതികള്‍ക്ക് (ഫയാസ് അഷ്‌റഫ് സഫ്‌വ ഹുസൈന്‍) ഹൃദയം തൊട്ട പ്രാര്‍ഥനകളും ആശംസകളും....
പ്രാര്‍ഥനാ നിര്‍ഭരമായ നിമിഷങ്ങള്‍ കടന്നു പോയി.
തീന്‍ മേശയിലേക്ക് നീങ്ങുമ്പോള്‍ സഹോദരങ്ങള്‍ പലരേയും കണ്ടുമുട്ടി.ഏറെ പ്രിയപ്പെട്ടവരുമായി ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചത്.
ഒടുവില്‍ അല്‍പം മധുരം നുണഞ്ഞ് അതിനെക്കാള്‍ മധുരം മനസ്സില്‍ നിറച്ച് വേദി വിട്ടിറങ്ങി.
==========
മഞ്ഞിയില്‍