Tuesday, October 27, 2026

ഓര്‍‌മകള്‍ പൂക്കുന്നകാലം

 1995 ലാണ്‌ പ്രിയപ്പെട്ട വെല്ലിക്ക (അമ്മാവന്‍) കുഞ്ഞു ബാവു വൈദ്യര്‍ വിടപറഞ്ഞത്.

കേരളത്തിലെ പ്രഗത്ഭരും പ്രശ‌സ്‌തരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു. പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ പുതിയ തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

--------

അവധി ദിവസങ്ങളില്‍ കൂട്ടു കുടും‌ബങ്ങളിലേക്ക് വിരുന്നു പോയിരുന്ന പഴയകാലങ്ങളൊന്നും ഇന്നത്തെ തലമുറക്ക് പരിചയമുണ്ടായി കൊള്ളണമെന്നില്ല. പെരിങ്ങാട് നിന്നും പാടൂര്‍ ഇടിയഞ്ചിറ കടന്ന് തങ്ങന്മാരുടെ വളപ്പുകള്‍‌ക്കരികിലൂടെ നടന്ന്‌ പോയിരുന്ന കാലം ഓര്‍‌മയിലുണ്ട്.

കാരക്കോസ് പള്ളിയും കടന്ന് മൂന്നു നാല്‌ ഇടുങ്ങിയ തിരിവുകള്‍ കഴിഞ്ഞാല്‍ അല്‍‌പം ഉയരത്തിലുള്ള പറമ്പിന്റെ മുകളില്‍ അപ്പൂപ്പന്റെ പെട്ടി കടയുണ്ട്.നടന്നു പോകുമ്പോള്‍ അതൊരു ഇടത്താവളമായിരുന്നു.അഞ്ചോ പത്തോ പൈസയിലൊതുങ്ങുന്ന തേന്‍‌നിലാവും നാരങ്ങ സത്തും വാങ്ങിയിട്ടാണ്‌ ബാക്കി ദൂരം താണ്ടുക. അന്നത്തെ മധുരമിഠായികളില്‍ പേരെടുത്ത ഇനങ്ങളായിരുന്നു ഇതൊക്കെ.

കുറച്ചു ദൂരം കൂടെ നടന്നാല്‍ ഷാപ്പിന്റെവിടെ എന്നു പ്രസിദ്ധമായിരുന്ന സെന്ററില്‍ എത്തും.സെന്ററില്‍ നിന്നും നേരെ വീണ്ടും നടന്നാല്‍ ചൂനാമനയും അവരുടെ താവളങ്ങളുമാണ്‌.തൊയക്കാവ് മുട്ടിക്കല്‍ സെന്ററില്‍ എത്തും മുമ്പേ കിഴക്കോട്ടുള്ള വഴിയിലൂടെ കുറച്ചു ദൂരം കഴിഞ്ഞാല്‍ മേനോത്തകായില്‍ അഥവാ വൈദ്യന്മാരുടെ തറവാടായ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ വീട്.

ദീര്‍‌ഘമായ അവധി ദിവസങ്ങളിലാണ്‌ തൊയക്കാവില്‍ എത്തിയതെങ്കില്‍ വാടാനപ്പള്ളി ക്യാമ്പിലേക്ക് വെല്ലിക്കയോടൊപ്പം ഞാനും പോകുമായിരുന്നു. കടത്തു വഞ്ചിയിലായിരുന്നു അക്കരെ കടന്നിരുന്നത്. ക്ഷേത്ര നടയിലേക്കുള്ള വഴിയില്‍ ഒരു ഓരത്ത് ഒരു കൊച്ചു മുറി.

കാത്ത് നിന്നു മുഷിഞ്ഞവരും പ്രതീക്ഷയോടെ നില്‍‌ക്കുന്നവരുടേയും ഒരു പട തന്നെയുണ്ടാകും.എല്ലാ അര്‍‌ഥത്തിലും സാധുക്കളായ പലരും ഒരു നോക്കു കൊണ്ടൂം ഒരു വാക്കു കൊണ്ടും വെറുതെ ഒരു ആശീര്‍‌വാദം കൊണ്ടുപോലും സന്തോഷമായി മടങ്ങുന്നവരായിരുന്നു അധിക പേരും.

വരുന്നവര്‍‌ക്കൊക്കെ എന്നെ പരിചയപ്പെടുത്തി കൊടുക്കും."ഇതെന്റെ ഐഷാടെ മോന്‍.അബ്‌ദുല്‍ അസീസ്".

ചിലപ്പോഴെക്കെ ചില വീടുകളിലേക്ക് പോകേണ്ടി വരും.ഹാജിയാര്‍ വൈദ്യരോടുള്ള ആദരവിന്റെ ഹൃദ്യമായ പങ്ക് ഏറെ ആസ്വദിക്കാന്‍ ഭാഗ്യം കിട്ടുമ്പോള്‍ വല്ലാത്ത സന്തോഷവും അതിലുപരി അഭിമാനവും അനുഭവപ്പെടുമായിരുന്നു.

മുറ്റിച്ചൂര്‍ ഏങ്ങണ്ടിയൂര്‍ ഭാഗത്ത് ചില വീടുകളിലുള്ള കിടപ്പു രോഗികള്‍‌ക്ക് വേണ്ടി പോകുമ്പോള്‍ അവര്‍‌ക്ക് ആദ്യം എഴുതി കൊടുത്ത മരുന്നുകള്‍ എന്തൊക്കെയാണെന്നു എന്നോട് പറയുകയും അതില്‍ ചിലതൊക്കെ ഒഴിവാക്കി പുതിയ മരുന്ന് കുറിപ്പടി തയാറാക്കാന്‍ നിര്‍‌ദേശിക്കുകയും ചെയ്യുമായിരുന്നു.തിടുക്കത്തിലും സാവകാശക്കുറവിലും മരുന്നെഴുതി എന്റെ കയ്യക്ഷരവും വൈദ്യന്മാരുടെ എഴുത്തു പോലെ ഉരുണ്ടു ചുരുണ്ടിട്ടുണ്ട്.

എമ്പതുകളില്‍ രോഗ ബധിതനായി.പിന്നെ സം‌സാര ശേഷിയും നഷ്‌ടപ്പെട്ടിരുന്നുവെങ്കിലും അല്ലഹുവിന്റെ പരിശുദ്ധ നാമങ്ങളില്‍ പലതും വിശേഷിച്ച് അല്ലാഹ് - അല്ലാഹ് എന്ന് എപ്പോഴും പറയാന്‍ കഴിയുമായിരുന്നു. 

1985ല്‍ എന്റെ വിവാഹാനന്തരം മേനോത്തകായില്‍ ചെന്നപ്പോള്‍ എന്റെ കയ്യിലെ മോതിരം ഊരിയെടുത്ത് നല്ലപാതി സുബൈറാടെ കയ്യില്‍ കൊടുത്തു,ഇത് മോന്‍ ധരിക്കേണ്ടതല്ല മോള്‍ ധരിക്കേണ്ടതാണ്‌ എന്ന് പറയാതെ പറയുകയായിരുന്നു.ഒന്നും സം‌സാരിക്കാതെ സന്തോഷദായകമായ ഭാവവും മുഖ പ്രസന്നതയും ഇന്നും ഓര്‍‌മയിലുണ്ട്. അദ്ദേഹത്തിന്റെ മൗനം പോലും ഏറെ വാചാലമായി തോന്നിയ ധന്യമായ നിമിഷങ്ങള്‍ പ്രാര്‍‌ഥനയോടെ ഓര്‍‌ത്തു പോകുന്നു.

------

എന്റെ ബാല്യ കൗമാര യൗവ്വന കാലങ്ങളില്‍ ഒട്ടേറെ ഓര്‍‌മകള്‍ ഇന്നും ഹരിതാഭമായി നില നില്‍‌ക്കുന്നുണ്ട്.എഴുപതുകളില്‍ ഹൈസ്‌കൂള്‍ പഠന കാലത്ത് അധിക വാരാന്ത്യങ്ങളിലും തൊയക്കാവിലേയ്‌ക്ക് വരുമായിരുന്നു.വിശേഷാല്‍ അവധിക്കാലങ്ങളിലും മധ്യവേനലവധി കാലത്തും അധികവും തൊയക്കാവില്‍ മേനോത്തകായില്‍ തന്നെയാണ്‌ ഇഷ്‌ടപ്പെട്ടയിടം.

തൊയക്കാവിലെത്തിയാല്‍ പെരിങ്ങാട്ടേക്ക് തിരിച്ചു പോരുന്നത് വരെ അഹമ്മദുമായിട്ടാണ്‌ പിന്നീടുള്ള ഓരോ നിമിഷവും.മുട്ടിക്കല്‍ പീടികയിലേക്കുള്ള പോക്കുവരവുകള്‍ മുതല്‍ പൊന്നാന്റെ കുളത്തിലെ വിസ്‌തരിച്ചുള്ള കുളിയിലും കളിയിലും അഹമ്മദിന്റെ അനുജന്‍ റസാഖും കൂടെയുണ്ടാകും.

വെല്ലിത്തടെ വീട്ടിലാണ്‌ ഉറങ്ങാന്‍ പോകാറുള്ളത്.അല്ലാത്ത ദിവസങ്ങളില്‍ വീടിനോട് ചേര്‍‌ന്നുള്ള കയ്യാലയുടെ തൊട്ടുള്ള മുറിയിലായിരുന്നു ഉറക്കം.കഥകളും തമാശകളും പറഞ്ഞ് ഉറങ്ങാന്‍ വൈകുമ്പോള്‍ മക്കളുറങ്ങണില്ലേ എന്നു ഒരു അന്വേഷണം കേള്‍‌ക്കാം.കയ്യാലയില്‍ ആരെങ്കിലും അതിഥികള്‍ സാധാരണയുണ്ടാകും. അവരിലാരെങ്കിലുമായിരിക്കും ഇങ്ങനെ അന്വേഷിക്കുന്നത്.ഒരു പക്ഷെ യാത്രയില്‍ ഇടത്താവളമായി തങ്ങിയവര്‍, അതുമല്ലെങ്കില്‍ ദൂരെ ദിക്കില്‍ നിന്നും വന്നു തല്‍‌ക്കാലം തിരിച്ചു പോകാത്തവര്‍, അതുമല്ലെങ്കില്‍ പ്രത്യേക ചികിത്സക്ക് എത്തിയവര്‍.ഏതായാലും പിന്നെയും അടക്കിപ്പിടിച്ച പോലെ സം‌സാരങ്ങള്‍ തുടരും.

നേരം വെളുത്താല്‍ പിന്നെ തിരിച്ചു പോക്കിനെ കുറിച്ചുള്ള വേവലാധിയായിരിയ്‌ക്കും. പറഞ്ഞ സമയത്തും കാലത്തും തിരിച്ചെത്തിയില്ലെങ്കില്‍ പെരിങ്ങാട്‌ നിന്നും അന്വേഷിക്കാന്‍ ആരെയെങ്കിലും പറഞ്ഞയക്കും.അതിനാല്‍ കൃത്യസമയത്ത് തിരിച്ചു പോകാന്‍ നിര്‍‌ബന്ധിതനാണ്‌.

തൊയക്കാവില്‍ നിന്നുള്ള തിരിച്ചുവരവ് പലപ്പോഴും ബസ്സിലായിരിക്കും. മേച്ചേരിപ്പടി വരെ നടന്ന്‌ വരുമ്പോള്‍ ബസ്സ്‌ സ്റ്റോപ്പ് വരെ അഹമ്മദും കൂടെ വരുമായിരുന്നു. അവിടെ നിന്നും മുല്ലശ്ശേരി ബ്ലോക് സ്റ്റോപ്പില്‍ ബസ്സിറങ്ങും.ബ്ലോക്കില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള വഴിയിലൂടെ കോഴിത്തോട് കടന്ന് (ഇന്നത്തെ കനാല്‍ ഭാഗം) പെരിങ്ങാടെത്തും.അന്നു മേച്ചേരിപ്പടിയിലേക്ക് വന്നിരുന്ന വഴിയിലാണ്‌ അഹമ്മദിന്റെയും റസാഖിന്റെയും പുതിയ വീടുകള്‍ തറവാട്ടില്‍ മുഈനുദ്ദീന്‍ വൈദ്യരും.

മുല്ലശ്ശേരി ബ്ലോക്കില്‍ ബസ്സിറങ്ങി പറങ്കിമാവിന്‍ കാടെന്നു പറയാവുന്നത്ര തിങ്ങി നിറഞ്ഞ പഴയകാലത്തെ ഗൃഹാതുരത്വമുണര്‍‌ത്തുന്ന വഴിയിലെ തിരിവിലാണ്‌ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ഇടം.

ഇവിടെ പരാമര്‍‌ശിച്ചു പോയ സ്ഥലങ്ങള്‍‌ക്കും പെരുവഴികള്‍‌ക്കും പൊതുവഴികള്‍‌ക്കും എല്ലാം എന്തെക്കെ മാറ്റങ്ങള്‍ സം‌ഭവിച്ചിരിക്കുന്നു.യാത്രാ സൗകര്യങ്ങളും പരസ്‌‌പരം കാണാനും കേള്‍‌ക്കാനുമുള്ള ഇന്നത്തെ സൗകര്യങ്ങള്‍ അന്നൊന്നും ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

എന്നാല്‍ പ്രയാസമാണെന്നു കരുതപ്പെടുന്ന കാലത്തെ സ്നേഹോഷ്‌‌മളമായ ബന്ധങ്ങളും സൗഹൃദങ്ങളും ഏറെ ധന്യമായിരുന്നു. നിഷ്‌‌പ്രയാസം എന്തിനും സാധ്യതയുള്ള സൗകര്യമുള്ള പുതിയ കാലത്ത് ഇതെല്ലാം അസ്‌‌തമിച്ചു കൊണ്ടിരിക്കുകയാണ്‌. 

സമ്പന്നമായ പഴയകാലങ്ങള്‍ ഓര്‍‌ത്തെടുക്കുന്നതു പോലും എത്ര സുന്ദരമാണെന്നോ..

----------

പ്രാര്‍‌ഥനയോടെ

മഞ്ഞിയില്‍ ...